Saturday, September 22, 2012

'നീ എനിക്കെന്നെന്നും പ്രിയപ്പെട്ടവള്‍'


                     പള്ളി മുറ്റത്തെ ആ വലിയ മണി മുഴങ്ങി .അവസാനമായി അവളുടെ നെറുകയില്‍ ചുംബിച്ച്, ഒരു പിടി മണ്ണ് ശവശരീരത്തില്‍ വാരി വിതറിയിട്ട് അലീന  വീട്ടിലേക്ക് മടങ്ങി .ആകെ ഒരു മരവിപ്പ് ....ശൂന്യത ..ഒന്ന് ഉറക്കെ കരയാന്‍ പോലും അവള്‍ക്കായില്ല ..അവളുടെ കണ്ണില്‍ ഇരുട്ടു പരന്നു. റൂമിന്റെ വാതിലും അടച്ച്‌ അവള്‍ കിടക്കയില്‍ മുഖം അമര്‍ത്തി കിടന്നു ...കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിഞ്ഞില്ല.തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി....അവള്‍ എന്തിനിത്  ചെയ്തു ?..മനസ്സില്‍ ആ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ
                                                                     ***
     
                    മേഴ്സി . എന്‍റെ  ഏറ്റവുമടുത്ത സുഹൃത്ത്‌ . 'കമ്മല്‍ ഇടാത്ത ,കാതു കുത്താത്ത പെണ്‍കുട്ടി '  അതായിരുന്നു അവളുടെ അടയാളം ...അതൊരു  കുറവായി ആര്‍ക്കും  തോന്നിയിട്ടില്ല .കാരണം അവള്‍ അത്ര സുന്ദരിയായിരുന്നു .അവള്‍ എന്‍റെ  വെറുമൊരു സുഹൃത്ത്‌ മാത്രമായിരുന്നില്ല ..  .ചെറുപ്പം മുതലേ അവളെ എനിക്കറിയാം .ഞാന്‍ അറിയാത്ത ,എന്നോട് പങ്കു വയ്ക്കാത്ത ഒരു രഹസ്യവും അവള്‍ക്ക്  ഉണ്ടായിരുന്നില്ല.  .അവളുടെ ദുഖവും സന്തോഷവും ഞാന്‍ അറിഞ്ഞിരുന്നു  ..എന്നിട്ടും .....


              പള്ളിമുറ്റത്ത്‌ ഒത്തുകൂടിയ ആളുകളുടെ കണ്ണിലെ ചോദ്യങ്ങള്‍  എനിക്ക് നേരെ   തിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു  ...ഞാനറിയാതെ   ഒന്നും സംഭവിക്കില്ല ...അതെ അത് തന്നെയായിരുന്നു ഇന്നലെ വരെ എന്‍റെയും വിശ്വാസം


       ഇന്നലെയും ഞാന്‍ നിന്നെ  കണ്ടതല്ലേ ....എന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ എന്നേക്കാള്‍ ഏറെ തിടുക്കം കാണിച്ചത് നീയല്ലേ ...അതിന്‍റെ അലങ്കാര തോരണങ്ങള്‍  പോലും അഴിച്ചു മാറ്റിയിട്ടില്ല ..ഇന്നലത്തെ ആഘോഷ ലഹരിയുടെ ചൂട് അണയും മുന്‍പേ... ..എന്തിനു വേണ്ടിയായിരുന്നു ...ഞാന്‍ അറിയാത്ത എന്ത് രഹസ്യമാണ്  നിന്നെ ഈ ഒരു തീരുമാനത്തില്‍ എത്തിച്ചത് ..


    അതെ.. ഞാന്‍ ഓര്‍ക്കുന്നു  ഇന്നലെ നീ പതിവിലും സന്തോഷവതിയായിരുന്നു ...എന്‍റെ കൈയിലേക്ക് പൂച്ചെണ്ടുകള്‍ വച്ചു നീട്ടിയപ്പോള്‍ നിന്‍റെ കണ്ണില്‍ ഉണ്ടായ ആ ഭാവം എനിക്ക് പുതിയതായിരുന്നു ...തിരക്കുകള്‍ക്കിടയില്‍ അത് ഞാന്‍ കാര്യമാക്കിയില്ല എന്നത് ശരിയാണ് .ഞാന്‍ അപ്പോള്‍ തന്നെ നിന്നോട് ചോദിച്ചിരുന്നെങ്കില്‍ ,നിന്നോട് സംസാരിച്ചിരുന്നു എങ്കില്‍  നീ എല്ലാം എന്നോട് തുറന്നു  പറയുമായിരുന്നോ ...
  
                                                                  ***
               സമ്മാന പൊതികള്‍ക്കിടയില്‍ നിന്നും അവള്‍ നല്‍കിയ ആ ഉണങ്ങിയ പൂച്ചെണ്ടുകള്‍ എടുത്ത് അലീന തന്‍റെ ഹൃദയത്തോട് ചേര്‍ത്തു വച്ച്  പൊട്ടിക്കരഞ്ഞു .
അവളുടെ കണ്ണുനീര്‍ മേഴ്സിയുടെ  വരികളിലൂടെ  ഊര്‍ന്നിറങ്ങി

'നീ  എനിക്കെന്നെന്നും  പ്രിയപ്പെട്ടവള്‍' 

ജന്മദിനാശംസകള്‍ നേരുന്നു
എന്ന് സ്വന്തം 
-മേഴ്സി-

Sunday, September 2, 2012

സസ്നേഹം മഞ്ചാടിക്കുരുവിന്

         കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ  ഓണത്തിന് നാട്ടിലെ തറവാട് വീട്ടില്‍......മുന്‍പൊന്നും ഇങ്ങനെ ആയിരുന്നില്ല .എല്ലാ ഓണത്തിനും ഞങ്ങള്‍ ഇവിടെ ഒത്തുകൂടുമായിരുന്നു . ...ഓണക്കാലം ...ഞാനുള്‍പ്പെടെ ഉള്ള "പേരക്കുട്ടികള്‍ സംഘം "  അര്‍മാദിച്ചിരുന്ന  നാളുകള്‍.

            ഇപ്പോള്‍ എല്ലാവരും വലിയ കുട്ടികള്‍ ആയിരിക്കുന്നു ....'സ്വതന്ത്ര വ്യക്തികള്‍'. ആണ്ടില്‍ ഒരിക്കല്‍ ഉള്ള  ഒത്തുചേരല്‍ പോലും ഇപ്പോള്‍  ബുദ്ധിമുട്ടാണ് ...പലര്‍ക്കും പല പല  തിരക്കുകള്‍ ...

            ഉച്ച ഭക്ഷണവും കഴിഞ്ഞു എല്ലാവരും ഉറങ്ങാന്‍ പോയ നേരം .....ഞങ്ങള്‍  കുട്ടികള്‍ കൂട്ടമായി ഒരു മരത്തണലില്‍ സ്ഥാനമുറപ്പിച്ചു.  കളിയും ചിരിയും ബഹളവും....

അതാ അപ്പൂപ്പന്‍ വരുന്നുണ്ട്...പണ്ടത്തെപ്പോലെ അല്ല  നടക്കാന്‍ പ്രയാസം ഉണ്ട്...ഊന്നു വടിയുടെ സഹായം കൂടിയേ തീരൂ.കൈയ്യില്‍ ഒരു കുപ്പി നിറയെ മഞ്ചാടിക്കുരുവും ഉണ്ട്...ഞങ്ങള്‍ എല്ലാവരും ബഹുമാന സൂചകമായി എഴുന്നേറ്റു നിന്നു...ആ കുപ്പി കൂട്ടത്തില്‍ ഇളയവനായ "ചിക്കു"വിനു  കൊടുത്തു.  ഒരു ചെറിയ ചിരിയോടെ അവന്‍  അത് വാങ്ങിയിട്ട് ഒരു ചോദ്യം 

  "അയ്യേ ...ഇതെന്തിനാ  അപ്പൂപ്പാ.... ഇപ്പോഴും ഉണ്ടോ  ഈ പണിയൊക്കെ ...?"

              സ്വാഭാവികമായ  ഒരു ചോദ്യമായിരുന്നു അത്  .....
ശരിയല്ലേ ആ പ്രായത്തിലുള്ള ഒരു വ്യക്തിക്ക് എന്തിനാണ് മഞ്ചാടി ക്കുരു ...
അപ്പൂപ്പന് ഉത്തരമൊന്നും പറയാനുണ്ടായിരുന്നില്ല .
ഒന്നും മിണ്ടാതെ ജാള്യത നിറഞ്ഞ ചിരിയോടെ അപ്പൂപ്പന്‍  തിരിച്ചു  നടന്നു.

  എന്താണിവിടെ സംഭവിച്ചത് ...അത്രയും നേരം എല്ലാവരുടെയും ചുണ്ടില്‍ നിറഞ്ഞു നിന്നിരുന്ന ചിരി എവിടെ?എല്ലാവരും കുറച്ചു നേരത്തേക്ക് നിശബ്ദരായി ...

അത് വേണ്ടായിരുന്നു എന്ന് അവനും തോന്നീട്ടുണ്ടാകും.

അപ്പൂപ്പന് വിഷമമായി !അതെ!ഏങ്ങനെ വിഷമിക്കതിരിക്കും ?
    എന്നും ഞങ്ങളെ കുട്ടികള്‍ ആയി തന്നെ കാണാന്‍ ഇഷ്ടപെട്ടത് അപ്പൂപ്പന്റെ തെറ്റല്ല ....വലുതായി...ചിന്തകളും സങ്കല്‍പ്പങ്ങളും മാറിയത് ഞങ്ങളുടെയും.

    പണ്ട് ഈ മഞ്ചാടിക്കുരുവിനു വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ട് ....അന്ന് ഇതു  വെറുമൊരു"ഒരു ചുവന്ന വസ്തു"  ആയിരുന്നില്ല .അങ്ങനെ എന്താണ് അതില്‍   ഉണ്ടായിരുന്നത്? ഇത്രയേറെ ഞങ്ങളെ ആകര്‍ഷിക്കാന്‍ ....അറിയില്ല

ആ പഴയ നാളുകളിലേക്ക് മനസ് അറിയാതെ  അങ്ങ് പോയി ...

       തറവാട് വീടിന്റെ മുന്ഭാഗത്താണ്   ആ  മഞ്ചാടി മരം ഉള്ളത് ....മതിലിന്റെ അപ്പുറത്ത് ...അതില്‍ നിന്നും താഴെ വീഴുന്ന മഞ്ചാടി ക്കുരു ശേഖരിച്ചു കുപ്പിയിലാക്കി സൂക്ഷിക്കലാണ് അപ്പൂപ്പന്റെ പ്രധാന തൊഴില്‍ .ഞങ്ങള്‍ പേരകുട്ടികള്‍ക്ക് തരാന്‍.ഓണത്തിന് എല്ലാവരും ഒത്തുകൂടുന്ന സമയമാണ് ....എല്ലാ പേരകുട്ടികളും ഉണ്ടാകും  ..എല്ലാവരും ഉണ്ടെങ്കില്‍ ആകെ ഉള്ള മഞ്ഞാടിക്കുരു എല്ലാവര്‍ക്കുമായി വീതിച്ചു തരും ...അതാണ്‌ പതിവ് ...ഞങ്ങള്‍ അത് ഇരുന്നു എണ്ണി നോക്കും ...ആര്‍ക്കെങ്കിലും ഒന്നോ രണ്ടോ മഞ്ഞാടിക്കുരു കൂടുതല്‍ ഉണ്ടെന്നറിഞ്ഞാല്‍ അത് മതി അവിടെ ഒരു കൂട്ടത്തല്ല്തുടങ്ങാന്‍  :-)..

     ഈ മഞ്ചാടിക്കുരു എടുത്തു വച്ചിരിക്കുന്ന സ്ഥലം പരമ  രഹസ്യമാണ് .....മഞ്ചാടിക്കുരു കണ്ടെത്തി "അടിച്ചു മാറ്റുക "  എന്നതായിരുന്നു  എല്ലാവരുടെയും ലക്‌ഷ്യം ....ഒറ്റക്ക് ശ്രമിക്കും ....പറ്റിയില്ലെങ്കില്‍ പിന്നെ കൂട്ടമായി ...


          ഞങ്ങള്‍ക്ക് തരാന്‍ അപ്പൂപ്പാന്റെ കൈയ്യില്‍ വിലകൂടിയ സമ്മാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ മഞ്ചാടിക്കുരുവിനു വേണ്ടി ഞങ്ങള്‍ ഉണ്ടാക്കുന്ന  ബഹളം അപ്പൂപ്പനെ വളരെ ഏറെ സന്തോഷിപ്പിച്ചിരുന്നു .

    ഒരിക്കല്‍ ഈ ബഹളത്തിനിടയില്‍ എന്റെ തലയ്ക്ക്  കല്ലുകൊണ്ട് ഒരു നല്ല ഏറു കിട്ടീടുണ്ട്....വാശി മൂത്ത് "ചിക്കു" എറിഞ്ഞതാണ് ...'ഗുണ്ട ചിക്കു'....ഇപ്പോഴും ഉണ്ട് ഏറു കൊണ്ട ആ പാട്.


എല്ലാം ഇന്നലെ സംഭവിച്ചത് പോലെ ....


   അപ്പൂപ്പനെ സന്തോഷിപ്പിച്ചിരുന്ന മഞ്ചാടിക്കുരുവിനെ സ്നേഹിച്ചിരുന്ന കുട്ടിയായി  മാറാന്‍ ഞാന്‍  അറിയാതെ ആശിച്ചു പോയി ......