Sunday, December 30, 2012

ബബിള്‍ഗം

    മൂന്നാം ക്ലാസ്സുകാരി, മീനാക്ഷി ...എല്ലാവരും സ്നേഹത്തോടെ  മീനുകുട്ടി എന്ന് വിളിക്കും.  മീനുകുട്ടി  ഇന്ന് സ്കൂളില്‍ നിന്ന് നേരത്തെ  വീട്ടിലേക്കു  തിരിച്ചെത്തി .അവള്‍ വളരെ സന്തോഷത്തിലാണ് .ഇത്രയും നേരം  കൈയില്‍ ഒളിപ്പിച്ചുവച്ച   സാധനം അവള്‍ അമ്മയ്ക്ക് നേരെ നീട്ടി .ഒരു "ബബിള്‍ഗം" .മീനുകുട്ടിക്ക് ഏറ്റവും ഇഷ്ട്ടപെട്ട  സുഹൃത്ത്‌ അച്ചു  സമ്മാനിച്ചതാണത്.  

  "ബബിള്‍ഗമോ ഇതെവിടന്നു കിട്ടി? ..ഇതൊന്നും കുട്ടികള്‍ക്ക് കഴിക്കാനുള്ളതല്ല.....ആരെങ്കിലു
ം  ഒക്കെ തരുന്നതൊന്നും   വാങ്ങിക്കരുതെന്നു അമ്മ പറഞ്ഞിട്ടുള്ളതല്ലേ  ....മോള്‍ക്ക്‌ വേണ്ടതെല്ലാം അമ്മ വാങ്ങി തരുന്നില്ലേ ...അത്  വേഗം പുറത്തു  കൊണ്ടുപോയി കളഞ്ഞിട്ടു വന്നെ ..."   അമ്മ അല്പം ശബ്ദം ഉയര്‍ത്തി  തന്നെ പറഞ്ഞു..

   പാവം മീനുകുട്ടിയുടെ മുഖം വാടി...അവളുടെ അച്ചു തന്നതല്ലേ ....ഇതു തരുമ്പോള്‍ അവള്‍ പറഞ്ഞിരുന്നു മീനുകുട്ടിയെ അവള്‍ക്ക് ഒത്തിരി ഇഷ്ടമാണെന്ന്....അമ്മ വഴക്ക് പറഞ്ഞതില്‍ മീനുകുട്ടിക്കു  സങ്കടം തോന്നി .അവള്‍ വീടിനു പുറത്തേക്ക് ഓടി .ബബിള്‍ഗം........അവള്‍ ഇതുവരെ അത് കഴിച്ചിട്ടില്ല....നല്ല മധുരമാണെന്ന് കേട്ടിട്ടുണ്ട് ..അമ്മ കളയാന്‍ പറഞ്ഞതാണെങ്കിലും അത് കളയാന്‍ അവള്‍ക്കു മനസ്സ് വന്നില്ല .ആരും തന്നെ കാണുന്നില്ല എന്ന് ഉറപ്പു വരുത്തി ...അമ്മ വരുന്നുണ്ടോ എന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി ....വളരെ ധൃതിയില്‍ ബബില്ഗത്തിന്റെ കടലാസ്സു വലിച്ചു മാറ്റി .....അവള്‍ വേഗം അത് വായിലേക്കിട്ടു .വെപ്രാളത്തില്‍ അമര്‍ത്തി ചവച്ചു .

"മീനുകുട്ടി  ............."

    അമ്മയുടെ വിളി കേട്ട ഉടനെ അവള്‍ അത് പുറത്തേക്കു  തുപ്പികളഞ്ഞു ...എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ അമ്മയുടെ അടുത്തേക്ക് ചെന്നു.അപ്പോഴാണ്‌ ഒരു കാര്യം അവളുടെ ശ്രദ്ധയില്‍ പെട്ടത് .തന്‍റെ തൊണ്ടയില്‍ എന്തോ ഒരു ചെറിയ തടസ്സം അനുഭവപ്പെടുന്നു .അമ്മയോട് പറയാതെ ,,, മുഖം നോക്കുന്ന കണ്ണാടിയില്‍, അവള്‍ വായ തുറന്നു നോക്കി ...ബബില്ഗത്തിന്റെ ഒരു ചെറിയ കഷ്ണം തന്‍റെ  അണ്ണാക്കില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു..അവളുടെ നെഞ്ചിടിപ്പ് കൂടി ...പേടികൊണ്ട് അവളുടെ കൈ വിറച്ചു ...അമ്മയോട് കാര്യം പറയാന്‍ അവള്‍ ഭയന്നു.അനുസരണകേട് കാണിച്ചതിന് ദൈവം തന്ന ശിക്ഷയാണ് ഇതെന്ന് അവള്‍ക്കു തോന്നി .അമ്മയുടെ മുന്നില്‍ നില്‍ക്കാന്‍ പോലും അവള്‍ ഭയന്നു .

   ആരോടും ഒന്നും മിണ്ടാതെ  അവള്‍ ഒറ്റയ്ക്ക്  മാറി ഇരുന്നു .ജോലിത്തിരക്കുകള്‍ക്കിടയില്‍ അമ്മയ്ക്ക് മീനുകുട്ടിയുടെ മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല .അവള്‍ ഭക്ഷണം കഴിക്കാനും ,വെള്ളം കുടിക്കാനുമൊക്കെ വല്ലാതെ ഭയന്നു . എന്തിനേറെ ഉമിനീര്‍ ഇറക്കാന്‍ പോലും അവള്‍ക്ക് പേടി തോന്നി .രാത്രി ഭക്ഷണം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ അമ്മയോട് എല്ലാം തുറന്നു പറയണമെന്ന് അവള്‍ കരുതി .പക്ഷെ എന്തുകൊണ്ടോ പറഞ്ഞില്ല .ഭക്ഷണം കഴിച്ചു കഴിഞ്ഞയുടനെ അവള്‍ കണ്ണാടി ലക്ഷ്യമാക്കി ഓടി .വീണ്ടും കണ്ണാടി നോക്കി .ഇല്ല പോയിട്ടില്ല .അത് അവിടെ തന്നെ ഉണ്ട് .

      ഉറക്കം വരുന്നതായി നടിച്ച് അവള്‍ തന്റെ മുറിയില്‍ ചെന്ന് മൂടി പുതച്ച് കിടന്നു.എന്നും അച്ഛനെയും കാത്തു ഇരിക്കുന്ന കുട്ടി ...ഇന്നെന്താ നേരത്തെ ഉറങ്ങാന്‍ കിടന്നത് എന്ന് അമ്മ ആലോചിച്ചു. ഭയം കൊണ്ട് അവളുടെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി .ആ ബബിള്‍ഗം മിഴുങ്ങിയാല്‍ താന്‍ മരിച്ചു പോകുമെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു .അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു അവള്‍ എങ്ങനെയോ നേരം വെളുപ്പിച്ചു.

    രാവിലെ എഴുന്നേറ്റതും കണ്ണാടി നോക്കി ..ഇല്ല ഇപ്പോഴും അത് അവിടെ തന്നെ ഉണ്ട് .അവള്‍ പതിവ് പോലെ സ്കൂളില്‍ പോകാന്‍ തയ്യാറായി  .അമ്മയ്ക്ക് കൊടുക്കാറുള്ള പതിവ് ഉമ്മ പോലും മറന്ന്,അവള്‍ സ്കൂള്‍ വാനില്‍ കയറി പോയി .സ്കൂളില്‍ മറ്റു കുട്ടികള്‍ കളിക്കുന്നുണ്ടെങ്കിലും മീനുകുട്ടിക്ക് അതിനു കഴിഞ്ഞില്ല .പേടി അവളെ അലട്ടുന്നുണ്ടായിരുന്നു.മുഖത്തെ വല്ലായ്മ കണ്ട് അവളുടെ സുഹൃത്ത്‌ അച്ചു കാര്യം തിരക്കി .അവള്‍ക്കു ഒന്നും മിണ്ടാനായില്ല .കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു .

     കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ മീനുകുട്ടി സംഭവിച്ചതെല്ലാം പറഞ്ഞു .താന്‍ കൊടുത്ത ബബിള്‍ഗമാണ് ഇതിനെല്ലാം കാരണം എന്ന് അറിഞ്ഞപ്പോള്‍ അച്ചു വല്ലാതെ വിഷമിച്ചു .ടീച്ചറോട് പറയാം എന്ന് അവള്‍ പറഞ്ഞു ...പക്ഷെ മീനുകുട്ടി സമ്മതിച്ചില്ല .ആരോടും പറയില്ല എന്ന് അച്ചുവിനെ  കൊണ്ട് സത്യം ചെയ്യിപ്പിച്ചു .വൈകുന്നേരം  വൈകിയാണ് സ്കൂള്‍ വാന്‍ എത്തിയത് . മീനുകുട്ടിയേയും കാത്തു അമ്മ വീടിന്റെ മുന്‍വശത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു .അമ്മ മീനുകുട്ടിയെ അടുത്തേക്ക് വിളിച്ചു .എന്നിട്ട് വായ തുറന്നു കാണിക്കാന്‍ പറഞ്ഞു .മീനുകുട്ടി പേടിച്ചു വിറച്ചു  .അച്ചു നേരത്തെ ഫോണ്‍ ചെയ്തു അമ്മയോട് കാര്യം പറഞ്ഞിരുന്നു .മീനുകുട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി .ഇനി ഒരിക്കലും അനുസരണകേട് കാണിക്കില്ല എന്നും , അമ്മ തല്ലും എന്ന് ഭയന്നാണ് അമ്മയോട് പറയാതിരുന്നത് എന്നും അവള്‍ പറഞ്ഞു.

    അമ്മ ഉടനെ മീനുകുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോയി .ഡോക്ടര്‍ വായ തുറക്കാന്‍ പറഞ്ഞിട്ടും അവള്‍ അതിനു തയ്യാറായില്ല .പേടികൊണ്ട് അവള്‍ കരഞ്ഞു നിലവിളിച്ചു .മീനുകുട്ടിയുടെ അമ്മയും വല്ലാതെ ഭയന്നു.അവളുടെ  കരച്ചിലിനിടയില്‍ ആ ബബിള്‍ഗം ഉള്ളിലേക്ക് ഇറങ്ങി പോയി .പേടിക്കാന്‍ ഒന്നും ഇല്ലെന്നും അത് ദഹിച്ചു പൊക്കോളും എന്നും ഡോക്ടര്‍ പറഞ്ഞു .പക്ഷെ മീനുക്കുട്ടിയുണ്ടോ അതൊക്കെ വിശ്വസിക്കുന്നു ..,,,ഞാന്‍  ഇപ്പോള്‍ മരിക്കും എന്ന് പറഞ്ഞ് മീനുകുട്ടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി .അവള്‍ തലകറങ്ങി അമ്മയുടെ കൈകളിലേക്ക് വീണു .കൂടാതെ അവള്‍ക്കു നല്ല പനിയും ഉണ്ടായിരുന്നു .

    പിന്നീട് മീനുകുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ അച്ഛനും അമ്മയും വല്ലാതെ ബുദ്ധിമുട്ടി .ഡോക്ടറും മീനുകുട്ടിയെ സമാധാനിപ്പിച്ചു .ഇനി ഇത്തരം കുസൃതികള്‍ കാണിക്കരുതെന്ന് ഉപദേശവും നല്‍കി .മീനുകുട്ടിയുടെ  പേടിയും മാറി  .ഡോക്ടര്‍ കൊടുത്ത കളര്‍ പെന്‍സിലും വാങ്ങി സന്തോഷത്തോടെ അവള്‍ വീട്ടിലേക്കു  മടങ്ങി .

((((ഇപ്പോള്‍ പറഞ്ഞു നിര്‍ത്തിയ ഈ കഥയില്ലേ ഇത്,. ഒരു വെറും കഥയല്ല ..എന്‍റെ അനുഭവകഥയാണ്‌ .ഇതിലെ ആ ബബിള്‍ഗം മിഴുങ്ങിയ കുട്ടിയില്ലേ അത് ഞാന്‍ തന്നെയാണ് ....മീനുകുട്ടി എന്ന് എനിക്ക് ഇഷ്ട്ടമുള്ള ഒരു പേര് ഇട്ടു കൊടുത്തു എന്ന് മാത്രം ...പിന്നെ എനിക്ക് ബബിള്‍ഗം നല്‍കിയ എന്‍റെ സുഹൃത്ത്‌ ....ആ സൗഹൃദം ഇന്നും ഒരു ഒഴിയാബാധ പോലെ എന്നെ പിന്തുടരുന്നുണ്ട് .ഹി ഹി ))))

 .

Saturday, October 20, 2012

പാറ്റ പുരാണം :-)


       ന്ന് കണി കണ്ടത് 'പാറ്റ'യെയാണ് .വീട്ടില്‍ എവിടെ നോക്കിയാലും പാറ്റ.ഇതിപ്പോ വീട് എന്റെയാണോ  അതോ പാറ്റയുടെതോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു .വീട് ഭരിക്കുന്നത്‌ പാറ്റകളാണെന്നു തോന്നും.പാറ്റകളുടെ 'അഴിഞ്ഞാട്ടം 'അല്ലാതെന്താ പറയുക  .എന്തോ.... പണ്ടുതൊട്ടേ എനിക്കതിനെ കണ്ടൂടാ ...എന്തോ ഒരു ഇത് :-) പേടിയല്ല ട്ടോ ..പണ്ട് എന്‍റെ കണ്മുന്നില്‍ പോലും വരാന്‍ ഭയന്ന ഒരു കാലമുണ്ടായിരുന്നു ഈ അഹങ്കാരികള്‍ക്ക് .... ഇതാ ഇപ്പോ എന്നെ ഓടിച്ചിടുന്നു..അത് ഏതാ കാലം എന്നല്ലേ ...
 
   കാലചക്രമേ ....കുറച്ചൊന്നു  പിറകിലേക്ക് സഞ്ചരിക്കുക !!! എന്‍റെ ജീവിതത്തിലെ സുവര്‍ണകാലം ...പ്ലസ്‌ ടു പഠന കാലം ....വിഷയം ബയോളഗി സയന്‍സ് .പാറ്റകളെ കീറി മുറിച്ച് അവയുടെ ആന്തരിക അവയവങ്ങളെ വിശദമായി നിരീക്ഷിക്കണം..പാറ്റകളുടെ കഷ്ട്ട കാലം  അല്ലാതെ എന്താ പറയുക .. പിന്നെ ഇതൊരു തമാശക്ക് ചെയ്യുന്നതല്ലല്ലോ ...പരീക്ഷയ്ക്ക് മാര്‍ക്ക്‌ ഉള്ളതല്ലേ ..അതുകൊണ്ട് വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കാനും  പറ്റില്ല.

   എല്ലാ കുട്ടികളും മിനിമം ഒരു പാറ്റയെ എങ്കിലും കൊണ്ടുവന്നാലേ ക്ലാസ്സില്‍ കേറാന്‍ പറ്റുള്ളൂ ..ഞാന്‍ തലേ ദിവസം വീടായ വീട് മുഴുവനും പരതീട്ടും ഒരു പാറ്റയെ പോലും കിട്ടിയില്ല ..അത് പിന്നെ അങ്ങനെയാണല്ലോ ആവശ്യമുള്ള സമയത്ത് ഒരെണ്ണത്തിനെ പോലും കാണാന്‍ കിട്ടില്ല .പക്ഷെ പേടിക്കാനില്ല ..എന്നെ പോലെ പാറ്റ കിട്ടാതെ വരുന്ന കുട്ടികള്‍ക്കുള്ള ഏക ആശ്വാസം  സ്കൂളിനടുത്തുള്ള അച്ചായന്റെ കടയാണ് .അവിടെ കിട്ടാത്ത സാധനങ്ങള്‍ ഒന്നും ഇല്ല.രാവിലെ സ്കൂളില്‍ ചെല്ലുമ്പോള്‍ കാണാം  കടക്കുമുന്നില്‍ ഒരു നീണ്ട നിര .പാറ്റയെ വാങ്ങാന്‍ നില്‍ക്കുന്നവരാണ് .കൂട്ടത്തില്‍ ഞാനും കൂടും .ഒരു പാറ്റയ്ക്ക്‌ അഞ്ചു രൂപ . പാറ്റയുടെ എണ്ണത്തിനും കുട്ടികളുടെ എണ്ണത്തിനും അനുസരിച്ച് പത്ത്,പതിനഞ്ചു ,ഇരുപത്‌ ഇങ്ങനെ വിലക്കയറ്റവും ഉണ്ടാകാറുണ്ട് .ഇതെല്ലാം കഴിഞ്ഞ് ലാബില്‍ (ഞങ്ങളുടെ operation theater) ചെല്ലുമ്പോള്‍ ...ഹോ ...ഞാന്‍ തന്നെ  ചെയ്യണ്ടേ"operation " :-(

     ലാബില്‍ കേറിയാല്‍ തുടങ്ങും ചിലരുടെ  പരാതി മഴ .....ഇത്ര നേരമായിട്ടും  എന്‍റെ പാറ്റയുടെ ബോധം പോകുന്നില്ല  ,എന്‍റെ പാറ്റ ഓടുന്നു ,എന്‍റെ പാറ്റയുടെ മീശ കാണാനില്ല അങ്ങനെ  നീളുന്നു പരാതികള്‍.ലാബ്‌... പല രസകരമായ സംഭവവികാസങ്ങളും നടക്കുന്ന സ്ഥലം .എന്‍റെ ക്ലാസ്സിലെ ചില 'വിരുതന്മാര്‍'...അവരാണ് എല്ലാം ഒപ്പിക്കുന്നത് ..ഞങ്ങള്‍ പ്ലാസ്റ്റിക്‌ കവറില്‍ കൈ കടത്തിയിട്ടോക്കെയാണ് പാറ്റയെ പിടിക്കുന്നത്‌ .അവര്‍ പേനയും പെന്‍സിലും ഒക്കെ പിടിക്കുന്നത്‌ പോലെ നിസാരമായി  പിടിക്കും . 

    പാറ്റകളുടെ റസില്ലിംഗ് മത്സരം  ,പാറ്റകള്‍ തമ്മിലുള്ള   കല്യാണം,പാറ്റകള്‍ക്ക് വേണ്ടിയുള്ള ആണ്‍കുട്ടികളുടെ  മല്‍പ്പിടിത്തം, പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കാനും  പേടിച്ച് ഓടുന്നത് കാണാനും വേണ്ടി മാത്രം പാറ്റകളെ മനപൂര്‍വ്വം പറപ്പിച്ചു വിടുന്നത് അങ്ങനെ എന്തൊക്കെ സംഭവങ്ങള്‍! അതിന്റെ ഇടയ്ക്ക് പാറ്റയുടെ കുട്ടിയെ അതിന്റെ  വയറ്റില്‍ നിന്ന് കിട്ടി എന്നൊക്കെ പറഞ്ഞ് കോലാഹലം...പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി അവനെ കളിയാക്കി കൊന്നു ...പാറ്റ മുട്ടയല്ലേ ഇടുകയുള്ളൂ  .നിന്റെ പാറ്റ എന്താ സ്പെഷ്യല്‍ പാറ്റ ആണോ എന്നൊക്കെ ആയിരുന്നു ചോദ്യം .ഏതായാലും  പരീക്ഷയ്ക്ക് എല്ലാവരും പാറ്റയെ നന്നായി മുറിച്ചു . പാറ്റകളായതുകൊണ്ട്  കൊണ്ട് കുഴപ്പമില്ല ...തവള ആയിരുന്നെങ്കിലോ .. എങ്ങനെയോ  ഞങ്ങള്‍ രക്ഷപ്പെട്ടു  .

         എന്‍റെ  വീട്ടിലെ പാറ്റയെ ഓടിക്കാന്‍ ഞങ്ങള്‍  പലതും പരീക്ഷിച്ചു ..ഇനി  ഇപ്പോ മായാവിയുടെ  മാന്ത്രിക വടി  തന്നെ വേണ്ടിവരും :-)

Saturday, September 22, 2012

'നീ എനിക്കെന്നെന്നും പ്രിയപ്പെട്ടവള്‍'


                     പള്ളി മുറ്റത്തെ ആ വലിയ മണി മുഴങ്ങി .അവസാനമായി അവളുടെ നെറുകയില്‍ ചുംബിച്ച്, ഒരു പിടി മണ്ണ് ശവശരീരത്തില്‍ വാരി വിതറിയിട്ട് അലീന  വീട്ടിലേക്ക് മടങ്ങി .ആകെ ഒരു മരവിപ്പ് ....ശൂന്യത ..ഒന്ന് ഉറക്കെ കരയാന്‍ പോലും അവള്‍ക്കായില്ല ..അവളുടെ കണ്ണില്‍ ഇരുട്ടു പരന്നു. റൂമിന്റെ വാതിലും അടച്ച്‌ അവള്‍ കിടക്കയില്‍ മുഖം അമര്‍ത്തി കിടന്നു ...കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിഞ്ഞില്ല.തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി....അവള്‍ എന്തിനിത്  ചെയ്തു ?..മനസ്സില്‍ ആ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ
                                                                     ***
     
                    മേഴ്സി . എന്‍റെ  ഏറ്റവുമടുത്ത സുഹൃത്ത്‌ . 'കമ്മല്‍ ഇടാത്ത ,കാതു കുത്താത്ത പെണ്‍കുട്ടി '  അതായിരുന്നു അവളുടെ അടയാളം ...അതൊരു  കുറവായി ആര്‍ക്കും  തോന്നിയിട്ടില്ല .കാരണം അവള്‍ അത്ര സുന്ദരിയായിരുന്നു .അവള്‍ എന്‍റെ  വെറുമൊരു സുഹൃത്ത്‌ മാത്രമായിരുന്നില്ല ..  .ചെറുപ്പം മുതലേ അവളെ എനിക്കറിയാം .ഞാന്‍ അറിയാത്ത ,എന്നോട് പങ്കു വയ്ക്കാത്ത ഒരു രഹസ്യവും അവള്‍ക്ക്  ഉണ്ടായിരുന്നില്ല.  .അവളുടെ ദുഖവും സന്തോഷവും ഞാന്‍ അറിഞ്ഞിരുന്നു  ..എന്നിട്ടും .....


              പള്ളിമുറ്റത്ത്‌ ഒത്തുകൂടിയ ആളുകളുടെ കണ്ണിലെ ചോദ്യങ്ങള്‍  എനിക്ക് നേരെ   തിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു  ...ഞാനറിയാതെ   ഒന്നും സംഭവിക്കില്ല ...അതെ അത് തന്നെയായിരുന്നു ഇന്നലെ വരെ എന്‍റെയും വിശ്വാസം


       ഇന്നലെയും ഞാന്‍ നിന്നെ  കണ്ടതല്ലേ ....എന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ എന്നേക്കാള്‍ ഏറെ തിടുക്കം കാണിച്ചത് നീയല്ലേ ...അതിന്‍റെ അലങ്കാര തോരണങ്ങള്‍  പോലും അഴിച്ചു മാറ്റിയിട്ടില്ല ..ഇന്നലത്തെ ആഘോഷ ലഹരിയുടെ ചൂട് അണയും മുന്‍പേ... ..എന്തിനു വേണ്ടിയായിരുന്നു ...ഞാന്‍ അറിയാത്ത എന്ത് രഹസ്യമാണ്  നിന്നെ ഈ ഒരു തീരുമാനത്തില്‍ എത്തിച്ചത് ..


    അതെ.. ഞാന്‍ ഓര്‍ക്കുന്നു  ഇന്നലെ നീ പതിവിലും സന്തോഷവതിയായിരുന്നു ...എന്‍റെ കൈയിലേക്ക് പൂച്ചെണ്ടുകള്‍ വച്ചു നീട്ടിയപ്പോള്‍ നിന്‍റെ കണ്ണില്‍ ഉണ്ടായ ആ ഭാവം എനിക്ക് പുതിയതായിരുന്നു ...തിരക്കുകള്‍ക്കിടയില്‍ അത് ഞാന്‍ കാര്യമാക്കിയില്ല എന്നത് ശരിയാണ് .ഞാന്‍ അപ്പോള്‍ തന്നെ നിന്നോട് ചോദിച്ചിരുന്നെങ്കില്‍ ,നിന്നോട് സംസാരിച്ചിരുന്നു എങ്കില്‍  നീ എല്ലാം എന്നോട് തുറന്നു  പറയുമായിരുന്നോ ...
  
                                                                  ***
               സമ്മാന പൊതികള്‍ക്കിടയില്‍ നിന്നും അവള്‍ നല്‍കിയ ആ ഉണങ്ങിയ പൂച്ചെണ്ടുകള്‍ എടുത്ത് അലീന തന്‍റെ ഹൃദയത്തോട് ചേര്‍ത്തു വച്ച്  പൊട്ടിക്കരഞ്ഞു .
അവളുടെ കണ്ണുനീര്‍ മേഴ്സിയുടെ  വരികളിലൂടെ  ഊര്‍ന്നിറങ്ങി

'നീ  എനിക്കെന്നെന്നും  പ്രിയപ്പെട്ടവള്‍' 

ജന്മദിനാശംസകള്‍ നേരുന്നു
എന്ന് സ്വന്തം 
-മേഴ്സി-

Sunday, September 2, 2012

സസ്നേഹം മഞ്ചാടിക്കുരുവിന്

         കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ  ഓണത്തിന് നാട്ടിലെ തറവാട് വീട്ടില്‍......മുന്‍പൊന്നും ഇങ്ങനെ ആയിരുന്നില്ല .എല്ലാ ഓണത്തിനും ഞങ്ങള്‍ ഇവിടെ ഒത്തുകൂടുമായിരുന്നു . ...ഓണക്കാലം ...ഞാനുള്‍പ്പെടെ ഉള്ള "പേരക്കുട്ടികള്‍ സംഘം "  അര്‍മാദിച്ചിരുന്ന  നാളുകള്‍.

            ഇപ്പോള്‍ എല്ലാവരും വലിയ കുട്ടികള്‍ ആയിരിക്കുന്നു ....'സ്വതന്ത്ര വ്യക്തികള്‍'. ആണ്ടില്‍ ഒരിക്കല്‍ ഉള്ള  ഒത്തുചേരല്‍ പോലും ഇപ്പോള്‍  ബുദ്ധിമുട്ടാണ് ...പലര്‍ക്കും പല പല  തിരക്കുകള്‍ ...

            ഉച്ച ഭക്ഷണവും കഴിഞ്ഞു എല്ലാവരും ഉറങ്ങാന്‍ പോയ നേരം .....ഞങ്ങള്‍  കുട്ടികള്‍ കൂട്ടമായി ഒരു മരത്തണലില്‍ സ്ഥാനമുറപ്പിച്ചു.  കളിയും ചിരിയും ബഹളവും....

അതാ അപ്പൂപ്പന്‍ വരുന്നുണ്ട്...പണ്ടത്തെപ്പോലെ അല്ല  നടക്കാന്‍ പ്രയാസം ഉണ്ട്...ഊന്നു വടിയുടെ സഹായം കൂടിയേ തീരൂ.കൈയ്യില്‍ ഒരു കുപ്പി നിറയെ മഞ്ചാടിക്കുരുവും ഉണ്ട്...ഞങ്ങള്‍ എല്ലാവരും ബഹുമാന സൂചകമായി എഴുന്നേറ്റു നിന്നു...ആ കുപ്പി കൂട്ടത്തില്‍ ഇളയവനായ "ചിക്കു"വിനു  കൊടുത്തു.  ഒരു ചെറിയ ചിരിയോടെ അവന്‍  അത് വാങ്ങിയിട്ട് ഒരു ചോദ്യം 

  "അയ്യേ ...ഇതെന്തിനാ  അപ്പൂപ്പാ.... ഇപ്പോഴും ഉണ്ടോ  ഈ പണിയൊക്കെ ...?"

              സ്വാഭാവികമായ  ഒരു ചോദ്യമായിരുന്നു അത്  .....
ശരിയല്ലേ ആ പ്രായത്തിലുള്ള ഒരു വ്യക്തിക്ക് എന്തിനാണ് മഞ്ചാടി ക്കുരു ...
അപ്പൂപ്പന് ഉത്തരമൊന്നും പറയാനുണ്ടായിരുന്നില്ല .
ഒന്നും മിണ്ടാതെ ജാള്യത നിറഞ്ഞ ചിരിയോടെ അപ്പൂപ്പന്‍  തിരിച്ചു  നടന്നു.

  എന്താണിവിടെ സംഭവിച്ചത് ...അത്രയും നേരം എല്ലാവരുടെയും ചുണ്ടില്‍ നിറഞ്ഞു നിന്നിരുന്ന ചിരി എവിടെ?എല്ലാവരും കുറച്ചു നേരത്തേക്ക് നിശബ്ദരായി ...

അത് വേണ്ടായിരുന്നു എന്ന് അവനും തോന്നീട്ടുണ്ടാകും.

അപ്പൂപ്പന് വിഷമമായി !അതെ!ഏങ്ങനെ വിഷമിക്കതിരിക്കും ?
    എന്നും ഞങ്ങളെ കുട്ടികള്‍ ആയി തന്നെ കാണാന്‍ ഇഷ്ടപെട്ടത് അപ്പൂപ്പന്റെ തെറ്റല്ല ....വലുതായി...ചിന്തകളും സങ്കല്‍പ്പങ്ങളും മാറിയത് ഞങ്ങളുടെയും.

    പണ്ട് ഈ മഞ്ചാടിക്കുരുവിനു വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ട് ....അന്ന് ഇതു  വെറുമൊരു"ഒരു ചുവന്ന വസ്തു"  ആയിരുന്നില്ല .അങ്ങനെ എന്താണ് അതില്‍   ഉണ്ടായിരുന്നത്? ഇത്രയേറെ ഞങ്ങളെ ആകര്‍ഷിക്കാന്‍ ....അറിയില്ല

ആ പഴയ നാളുകളിലേക്ക് മനസ് അറിയാതെ  അങ്ങ് പോയി ...

       തറവാട് വീടിന്റെ മുന്ഭാഗത്താണ്   ആ  മഞ്ചാടി മരം ഉള്ളത് ....മതിലിന്റെ അപ്പുറത്ത് ...അതില്‍ നിന്നും താഴെ വീഴുന്ന മഞ്ചാടി ക്കുരു ശേഖരിച്ചു കുപ്പിയിലാക്കി സൂക്ഷിക്കലാണ് അപ്പൂപ്പന്റെ പ്രധാന തൊഴില്‍ .ഞങ്ങള്‍ പേരകുട്ടികള്‍ക്ക് തരാന്‍.ഓണത്തിന് എല്ലാവരും ഒത്തുകൂടുന്ന സമയമാണ് ....എല്ലാ പേരകുട്ടികളും ഉണ്ടാകും  ..എല്ലാവരും ഉണ്ടെങ്കില്‍ ആകെ ഉള്ള മഞ്ഞാടിക്കുരു എല്ലാവര്‍ക്കുമായി വീതിച്ചു തരും ...അതാണ്‌ പതിവ് ...ഞങ്ങള്‍ അത് ഇരുന്നു എണ്ണി നോക്കും ...ആര്‍ക്കെങ്കിലും ഒന്നോ രണ്ടോ മഞ്ഞാടിക്കുരു കൂടുതല്‍ ഉണ്ടെന്നറിഞ്ഞാല്‍ അത് മതി അവിടെ ഒരു കൂട്ടത്തല്ല്തുടങ്ങാന്‍  :-)..

     ഈ മഞ്ചാടിക്കുരു എടുത്തു വച്ചിരിക്കുന്ന സ്ഥലം പരമ  രഹസ്യമാണ് .....മഞ്ചാടിക്കുരു കണ്ടെത്തി "അടിച്ചു മാറ്റുക "  എന്നതായിരുന്നു  എല്ലാവരുടെയും ലക്‌ഷ്യം ....ഒറ്റക്ക് ശ്രമിക്കും ....പറ്റിയില്ലെങ്കില്‍ പിന്നെ കൂട്ടമായി ...


          ഞങ്ങള്‍ക്ക് തരാന്‍ അപ്പൂപ്പാന്റെ കൈയ്യില്‍ വിലകൂടിയ സമ്മാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ മഞ്ചാടിക്കുരുവിനു വേണ്ടി ഞങ്ങള്‍ ഉണ്ടാക്കുന്ന  ബഹളം അപ്പൂപ്പനെ വളരെ ഏറെ സന്തോഷിപ്പിച്ചിരുന്നു .

    ഒരിക്കല്‍ ഈ ബഹളത്തിനിടയില്‍ എന്റെ തലയ്ക്ക്  കല്ലുകൊണ്ട് ഒരു നല്ല ഏറു കിട്ടീടുണ്ട്....വാശി മൂത്ത് "ചിക്കു" എറിഞ്ഞതാണ് ...'ഗുണ്ട ചിക്കു'....ഇപ്പോഴും ഉണ്ട് ഏറു കൊണ്ട ആ പാട്.


എല്ലാം ഇന്നലെ സംഭവിച്ചത് പോലെ ....


   അപ്പൂപ്പനെ സന്തോഷിപ്പിച്ചിരുന്ന മഞ്ചാടിക്കുരുവിനെ സ്നേഹിച്ചിരുന്ന കുട്ടിയായി  മാറാന്‍ ഞാന്‍  അറിയാതെ ആശിച്ചു പോയി ......



Tuesday, August 21, 2012

ആദ്യത്തെ പ്രേമലേഖനം

           ദിയ മോള്‍ ..എന്‍റെ അയല്‍വാസിയായ   ഒന്നാം ക്ലാസ്സുകാരി ..പക്ഷെ ആരെങ്ങിലും എത്രാം ക്ലാസില പഠിക്കുന്നെ എന്ന് ചോദിച്ചാല്‍ അവള്‍ പറയും "ഞാനോ ....ഞാന്‍ പത്താം ക്ലാസ്സില്‍ " എന്ന്.. .രാവിലെ കുളിച്ചു കണ്ണെഴുതി കുറിയും തൊട്ടു കവിളില്‍ ഒരു  ' കുത്തും ' ഒക്കെ വച്ച് അവള്‍ സ്കൂളിലേക്ക് പോകും .ഓട്ടോ റിക്ഷ വരുന്ന  ഒച്ച കേട്ടാലറിയാം ദിയ മോള്‍ സ്കൂളില്‍  പോകാനിറങ്ങി എന്ന് ."അമ്മു ചേച്ചി റ്റാ റ്റാ ......." എന്നവള്‍ ഉറക്കെ നിലവിളിക്കും .ഞാന്‍ ഓടി മുന്നില്‍ എത്തുമ്പോഴേക്കും അവള്‍പോയിട്ടുണ്ടാകും .


           നല്ല സുന്ദരിക്കുട്ടിയ ദിയമോള്‍ ....സ്കൂളുവിട്ടാലുടന്‍ അവള്‍ എന്‍റെ വീട്ടിലേക്ക് ഓടി വരും ....പിന്നെ എന്നെയും കാത്തു ഇരിപ്പായി ..ഞാന്‍ വന്നാലോ .....അവളുടെ സ്കൂളിലെ വിശേഷം മുഴുവനും പറഞ്ഞു തീര്‍ന്നാലേ എന്നെ വിടൂ ....ഇപ്പോഴും കൊഞ്ചി കൊഞ്ചിയാണ് സംസാരം  ....ചില അക്ഷരങ്ങള്‍ ഒന്നും അവള്‍ക്ക് വഴങ്ങില്ല .

          കുഞ്ഞുവായില്‍ വലിയ വലിയ സംസാരങ്ങളാണ് ....അവള്‍ക്ക് കല്യാണം കഴിക്കനമത്രേ  ...ആരെയന്നെന്നോ ? നടന്‍ ജയസൂര്യയെ..
 
"ഞാനില്ലേ വലുതായിട്ടെ ....ജയസൂര്യയേനെ യാണ് കല്യാണം കഴിക്കാന്‍ പോണേ .....".അവള്‍ ഇപ്പോഴും പറയാറുള്ള ഡയലോഗ്  ആണ് ഇത്.

          ഒരു ദിവസം ഞാന്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക്  വരുമ്പോള്‍ വീടിന്‍റെ മുന്നില്‍ ആകെ ഒരു ചിരി ബഹളം ....ദിയമോളുടെ അമ്മയുടെ കൈയില്‍ ഒരു കഷ്ണം പേപ്പര്‍ ....ദിയമോള്‍ എന്‍റെ  അമ്മയുടെ മടിയില്‍ ഇരിക്കുന്നുണ്ട്‌ .ആന്റി  ആ പേപ്പര്‍ എന്‍റെ കൈയിലേക്ക് നീട്ടി ,,,ആദ്യം എനിക്ക് ഒന്നും മനസിലായില്ല ....ആകെ ആ പേപ്പറില്‍ എത്രയും കാര്യങ്ങള്‍ മാത്രമേ  ഉള്ളു ....ദിയ എന്ന് എഴുതീട്ടുണ്ട് ,പിന്നെ ചുറ്റും കുറെ ലവ് ചിന്ഹം ....മൊത്തത്തില്‍  ഒരു വട്ടവും ഇട്ടു വച്ചിട്ടുണ്ട്.എന്നിട്ട് ആ വട്ടത്തിന് പുറത്തു "അഭി "എന്നും എഴുതീട്ടുണ്ട് . പേപ്പര്‍ എന്‍റെ കൈയില്‍ തന്നിട്ട് ആന്റി വീണ്ടും നിന്ന് ചിരിക്കാന്‍ തുടങ്ങി ....പിന്നെയല്ലേ കാര്യം മനസിലായത് ....ദിയയുടെ ക്ലാസ്സിലെ  അഭിലാഷ് കൊടുത്തതാണത്രേ ആരും കാണാതെ ഈ പേപ്പര്‍ ....അതായതു പ്രേമലേഖനം .... "ഹ ഹ ഹഹ   ...." ...ഈ പറഞ്ഞ അഭിയെ ഞാന്‍ കണ്ടിട്ടുണ്ട് ....മുന്‍ നിരയില്‍ രണ്ടു പല്ല് പോയ ഒരു സുന്ദരക്കുട്ടന്‍ .....ഇത്രയും നിഷ്കളങ്ങമായ പ്രണയം വേറെ ഉണ്ടോ ??????

         ഒന്നും അറിയാതെ ദിയമോള്‍ പല്ലും കാണിച്ചു ചിരിക്കുന്നുണ്ട് .....അങ്ങനെ ദിയ മോള്‍ക്ക് ആദ്യത്തെ പ്രണയ ലേഖനം കിട്ടി ....ഒരു ഒന്നാം ക്ലാസ്സുകാരന് എഴുതാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രണയ ലേഖനം

ഇതൊന്നും അല്ല തമാശ ....പിറ്റേന്ന് ദിയമോള്‍ സ്കൂളില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ റ്റാ റ്റാ കൊടുക്കാന്‍ ഞാന്‍ മുന്നിലേക്ക് ഓടി...അന്ന് അവള്‍ കന്നെഴുതീട്ടില്ല കുറിയും തൊട്ടിട്ടില്ല ....

"ഇതെന്തു പറ്റി????" ഞാന്‍ ചോദിച്ചു ......അപ്പോള്‍
 
  ആന്റി :-   "   ഒരുപാടൊന്നും ഒരുക്കണ്ട എന്ന് ഇവിടത്തെ അംഗിള്‍ പറഞ്ഞു  മോളേ......".എന്നും പറഞ്ഞു ആന്റി ചിരിക്കാന്‍ തുടങ്ങി ....ഹ ഹ ഹ ....ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞപോലെ  പ്രേമത്തിന് കണ്ണും കാതും പല്ലും മൂക്കും  ഒന്നും ഇല്ലല്ലോ  എന്‍റെ ഈശ്വരാ ......!!!!!!!  പ്രത്യേകിച്ച്  പ്രായവും !!!!!! ഹി ഹി ഹി ................

           അങ്ങനെ മലയാളം ബ്ലോഗ്‌ ലോകത്തിലേക്കുള്ള എന്‍റെ ആദ്യത്തെ കാല്‍വയ്പ്പ്‌ ......കടല്‍ തീരത്തെ കാല്പാടുകള്‍ പോലെ എത്രയെത്ര ബ്ലോഗുകള്‍ ....അതില്‍ എന്‍റെ കാല്‍പാട് ആരെങ്ങിലും  കാണുമോ എന്തോ..... :-) """ധീരതയോടെ നയിച്ചോളു ലക്ഷം ലക്ഷം പിന്നാലെ ..."ഇങ്ങനെ ആര്ക്കെന്ഗിലുമൊക്കെ പറഞ്ഞൂടെ  ....:-P